മനാമ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷന്റെ (KSCA) നേതൃത്വത്തിൽ സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷവും അവാർഡ്ദാന ചടങ്ങും ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യൻ സ്കൂൾ ജെഷന്മാൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സിനിമതാരം ഉണ്ണി ഉണ്ണിമുകുന്ദൻ വിശിഷ്ടാതിഥിയായിരുന്നു. 2022 ലെ മന്നം അവാർഡ് ഉണ്ണി ഉണ്ണിമുകുന്ദന് നൽകി ആദരിച്ചു. മന്നം അവാർഡ് കൂടാതെ വൈഖരി അവാർഡ് ശ്രീജിത്ത് പണിക്കർക്കും ലീഡർഷിപ് ഇൻ കമ്മ്യൂണിറ്റി സർവീസ് അവാർഡ് യൂസിഫ് യാക്കൂബ് ലോറിക്കും ഹ്യൂമാനിറ്റേറിയൻ അവാർഡ് ബാബുരാജിനും ബിസിനസ് യൂത്ത് ഐക്കൺ അവാർഡ് ശരത് പിള്ളയ്ക്കും നൽകി ആദരിച്ചു.
ശാസ്ത്രം, സാങ്കേതികം, വിദ്യാഭ്യാസം, സാംസ്കാരികം, സാമൂഹികം, സാമ്പത്തികം, കല, സാഹിത്യം, മാനുഷിക സേവനം തുടങ്ങിയ മേഖലകളില്‍ നിസ്വാര്‍ത്ഥ സേവനം നടത്തുന്ന പ്രഗത്ഭരായ വ്യക്തികളേയും സ്ഥാപനങ്ങളേയും അവരുടെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി ആദരിക്കുവാന്‍ കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് ഏര്‍പ്പെടുത്തിയതാണ് മന്നം അവാര്‍ഡ്. കെ.എസ്.സി.എ പ്രസിഡന്റ് പ്രവീൺ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സതീഷ് നാരായണൻ സ്വാഗതം പറഞ്ഞു.
വിപുലമായ രീതിയിൽ സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷവും അവാർഡ് ദാനച്ചടങ്ങിലും ബഹറിനിലെ വിവിധ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു. ബഹ്റൈനിലെ കലാകാരന്മാരുടെ നൃത്തപരിപാടികളും അരങ്ങേറി.