മനാമ : ചെറിയ പെരുന്നാളിനോടനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) മനാമ കെ എം സി സി ഹാളിൽ സംഘടിപ്പിച്ച ഈദ് ഇശൽ പരിപാടി വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മാപ്പിള പാട്ടുകളുടെയും മദ്ഹ് ഗീതങ്ങുടെയും നവ്യാനുഭൂതി സമ്മാനിച്ച ഈദ് സുധക്ക് പ്രശസ്ത ഗായകൻ ത്വാഹാ തങ്ങൾ പൂക്കോട്ടൂരും മാസ്റ്റർ നിസാമുദ്ധീൻ പെരിന്തൽമണ്ണയും മുഹമ്മദ് സഈദ് ബഹ്റൈൻ നേതൃത്വം നൽകി. അൻപത് വർഷം പൂർത്തിയാക്കുന്ന എസ് എസ് എഫ് കേരളയുടെ ഗോൾഡൻ ഫിഫ്റ്റി സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ വേദി കൂടിയായിരുന്നു ഈദ് സുധ.
കലാ സാംസ്കാരിക രംഗത്ത് ബഹ്റൈനിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുന്ന രിസാല സ്റ്റഡി സർക്കിൾ ഈദാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രോഗ്രാമിൽ ബഹ്റൈനിലെ മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. ദഫ് മുട്ടിന്റെ അകമ്പടിയോടെ അരങ്ങേറിയ ഇശൽ പരിപാടിയിൽ ബഹറൈനിലെ നിരവധി ഗായകരും പങ്കെടുത്തു. മാപ്പിള പാട്ടിന്റെ തനിമയും മേന്മയും കൈമോശം വന്നു പോകുന്ന പുതിയ കാലത്ത് തനതായ മാപ്പിള പാട്ടിനെ മൂല്ല്യം ചോരാതെ അനുവാചകരിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തിൽ കൂടിയാണ് ഈ ഇശൽ വിരുന്നൊരുക്കിയത് .
മുനീർ സഖാഫിയുടെ അധ്യക്ഷതയിൽ സയ്യിദ് ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ തുടങ്ങിയ ഈദ് സുധ സയ്യിദ് അബ്ദുസ്സലാം അൽ ബുഖാരി ഉത്ഘാടനം നിർവഹിച്ചു. അഷറഫ് മങ്കര സ്വാഗതവും ജാഫർ ശരീഫ് നന്ദിയും പറഞ്ഞു.
പരിപാടിയിൽ ഐ സി എഫ് നാഷനൽ പ്രതിനിധികളായ സൈനുദ്ദീൻ സഖാഫി, അബൂബക്കർ ലത്തീഫി, സുലൈമാൻ ഹാജി, വി പി കെ അബൂബക്കർ ഹാജി, ഹകീം സഖാഫി കിനാലൂർ, കെ എം സി സി ഉപാധ്യക്ഷൻ ശംസുദ്ധീൻ വള്ളിക്കുളങ്ങര, ആർ എസ് സി ഗ്ലോബൽ എക്സി അഡ്വക്കേറ്റ് ഷെബീർ അലി, കെ സി എഫ് നാഷനൽ സെക്രട്ടറി ഹാരിസ് സംബ്യ, ഡി കെ എസ് സി സെക്രട്ടറി അഷ്റഫ്, റഹീം സഖാഫി, അബ്ദുല്ല രണ്ടത്താണി തുടങ്ങി ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക നേതാക്കൾ ആശംസകൾ നേർന്നു.