സൂറത്ത് ; മാനനഷ്ട കേസിൽ രണ്ടുവർഷം തടവ് ശിക്ഷ വിധിച്ച സൂറത്ത് മജിസ്ട്രേറ്റ് കോടതി വിധിക്കെതിിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഹർജിയിൽ കോടതി ഈ മാസം 20ന് വിധി പറയും. ഹർജിയിൽ കോടതി ഇന്ന് വിശദമായ വാദം കേട്ടെങ്കിലും സ്റ്റേ നൽകിയില്ല. കുറ്റക്കാരൻ എന്ന വിധിക്കെതിരായ അപ്പീലിൽ ഏപ്രിൽ 20ന് ഉത്തരവ് പറയാമെന്ന് സെഷൻസ് കോടതി വ്യക്തമാക്കി.
സെഷൻസ് കോടതി ജഡ്ജി റോബിൻ മൊഗ്രെയാണ് കേസ് പരിഗണിച്ചത്.മജിസ്ട്രേറ്റ് കോടതി വിധിച്ച രണ്ടുവർഷം തടവ് ശിക്ഷ നടപ്പാക്കുന്നത് സെഷൻസ് കോടതി സ്റ്റേ ചെയ്തിരുന്നു, എന്നാൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്താലേ എം.പി സ്ഥാനത്തിലെ അയോഗ്യത നീങ്ങൂ. രണ്ട് ഹർജികളാണ് രാഹുൽ ഗാന്ധി നൽകിയത്. ശിക്ഷാ വിധിക്കെതിരെയും ശിക്ഷ നടപ്പാക്കുന്നതിന് എതിരെയുമാണ് അപ്പീൽ ഹർജികൾ. സ്റ്റേ അനുവദിക്കാനാകാത്ത വിധം ഗുരുതര കുറ്റമല്ല രാഹുലിന്റെ പേരിലുള്ളതെന്ന് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. സ്റ്റേ നൽകാനുള്ള വിവേചനാധികാരം കോടതി ഉപയോഗിക്കണമെന്നും വാദം ഉയർന്നു. പ്രധാനമന്ത്രിയെ വിമർശിച്ചതിനാണ് രാഹുലിനെതിരെ കേസെടുത്തത്.
പ്രസംഗം വീണ്ടും പരിശോധിക്കണമെന്നും പ്രസംഗത്തിൽ നിന്ന് ചില വാക്കുകൾ അടർത്തിമാറ്റി വ്യാഖ്യാനിച്ചുവെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.2019ൽ തിരഞ്ഞെടുപ്പ് റാലിക്കിടെ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിലാണ് ബി.ജെ.പി എം.എൽ.എ പൂർണേഷ് മോദി അപകീർത്തി കേസ് കൊടുത്തത്. കോലാറിലെ പ്രസംഗത്തിന് ഗുജറാത്തിലെ സൂറത്തിലാണ് കേസെടുത്തത്. എല്ലാ കള്ളൻമാരുടെയും പേരിൽ എങ്ങനെയാണ് മോദി എന്നു വരുന്നത് എന്നായിരുന്നു പ്രസംഗത്തിനിടെ രാഹുൽ ചോദിച്ചത്. സ്റ്റേ ഉത്തരവുണ്ടായില്ലെങ്കിൽ രാഹുലിന്റെ അയോഗ്യത തുടരും. വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനും കളമൊരുങ്ങും.