കോഴിക്കോട്/കണ്ണൂര്‍: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാരൂഖ് സെയ്ഫിയുമായി പോലീസിന്റെ തെളിവെടുപ്പ്. പ്രതിയെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ചാണ് പോലീസ് സംഘം തെളിവെടുപ്പ് നടത്തുക. ഇതിനായി ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പ്രതിയുമായി പോലീസ് സംഘം കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് യാത്രതിരിച്ചു.
ആക്രമണമുണ്ടായ ഡി-1 കോച്ച് ഉള്‍പ്പെടെ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ രണ്ടുകോച്ചുകള്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സൂക്ഷിച്ചിരിക്കുന്നത്. മാത്രമല്ല, എലത്തൂരില്‍വെച്ച് കൃത്യം നടത്തിയശേഷം അതേ ട്രെയിനില്‍ കണ്ണൂരിലെത്തിയെന്നായിരുന്നു പ്രതിയുടെ മൊഴി. കണ്ണൂര്‍ സ്റ്റേഷനിലാണ് ഏറെനേരം ഒളിച്ചിരുന്നതും ഇയാള്‍ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഷാരൂഖ് സെയ്ഫിയെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്. ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അഞ്ചാംദിവസമാണ് പോലീസ് സംഘം തെളിവെടുപ്പിനായി കൊണ്ടുപോകുന്നത്.
ഏപ്രില്‍ രണ്ടാം തീയതി രാത്രി ഒമ്പതരയോടെയാണ് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ട്രെയിന്‍ എലത്തൂര്‍ സ്റ്റേഷന് പിന്നിട്ടതോടെയായിരുന്നു സംഭവം. ആക്രമണത്തില്‍ ഒമ്പത് യാത്രക്കാര്‍ക്കാണ് പൊള്ളലേറ്റത്. ഇതിനുപിന്നാലെ ട്രെയിനിലെ യാത്രക്കാരായ മൂന്നുപേരുടെ മൃതദേഹങ്ങള്‍ റെയില്‍വേ ട്രാക്കിലും കണ്ടെത്തി. ഇതേസ്ഥലത്തുനിന്ന് പ്രതിയുടേതെന്ന് കരുതുന്ന ബാഗും ചില കുറിപ്പുകളും കണ്ടെടുത്തിരുന്നു.
തുടര്‍ന്ന് പോലീസും ഭീകരവിരുദ്ധ സേനയും വിപുലമായ അന്വേഷണമാണ് നടത്തിയത്. ഒടുവില്‍ ഏപ്രില്‍ അഞ്ചാം തീയതി പുലര്‍ച്ചെ മഹാരാഷ്ട്രയിലെ രത്നഗിരിയില്‍നിന്നാണ് പ്രതിയായ ഷാരൂഖ് സെയ്ഫിയെ പിടികൂടിയത്. മഹാരാഷ്ട്ര എ.ടി.എസും രത്നഗിരി പോലീസും ചേര്‍ന്ന് പിടികൂടിയ പ്രതിയെ പിന്നീട് കേരള പോലീസിന് കൈമാറുകയായിരുന്നു.