
മനാമ: നാഷണൽ ബുക്ക്ഷോപ്പ് സംഘടിപ്പിക്കുന്ന നാലാമത് പുസ്തകമേളയ്ക്ക് ഇന്ന് സമാപനമാകും. ഈസാ ടൗണിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഹാളിലാണ് മേള നടക്കുന്നത്. വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമായാണ് മേള ഉദ്ഘാടനം ചെയ്തത്. മാനവികത, ബാലസാഹിത്യം, സാഹിത്യം, മതം, ശാസ്ത്രം, പൊതുസംസ്കാരം തുടങ്ങിയ വിഭാഗങ്ങളിലായി രണ്ടായിരത്തോളം പുസ്തകങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. രാവിലെ 9 മുതൽ 12.00 വരെയും രാത്രി 8 മുതൽ 11 വരെയും പൊതുജനങ്ങൾക്കായി പുസ്തകമേള തുറന്നിരിക്കും. പൊതു-സ്വകാര്യ സ്കൂളുകളും പുസ്തകമേളയിൽ ദിവസവും സന്ദർശനം സംഘടിപ്പിച്ചിട്ടുണ്ട്.
