മനാമ : ഇന്ത്യയെ വരിഞ്ഞു മുറുക്കുന്ന ഫാസിസവും വർഗീയതയും ഏകാധിപത്യ പ്രവണതകൾക്ക് വഴിയൊരുക്കുകയാണെന്നും, ഫാസിസം രാഷ്ട്രീയ ആധിപത്യം നേടിയതോടെ രാജ്യവും ഭരണഘടനയും കടുത്ത വെല്ലുവിളികൾ നേരിടുകയാണ് എന്നും ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി സമദ് നരിപ്പറ്റ പ്രസ്താവിച്ചു. ഐഎംസിസി ബഹ്റൈൻ നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച ‘സെക്കുലർ ഇന്ത്യ’ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാർ ഫാസിസ്റ്റ് ഭീകരത മറനീക്കി പുറത്തുവന്ന സാഹചര്യത്തിൽ രാജ്യത്തെ മതേതര ജനാധിപത്യ ശക്തികൾ ഐക്യപ്പെടേണ്ടത് അനിവാര്യമാണ്, സമദ് അഭിപ്രായപ്പെട്ടു.
രാജ്യത്ത് പൗരാവകാശങ്ങൾക്ക് ഒട്ടും വിലകല്പിക്കുന്നില്ല, വിവേചനവും അരക്ഷിതാവസ്ഥയും ഭയവും വർദ്ധിച്ചു വരുന്നതും, എതിർശബ്ദങ്ങളെയും വിമർശനങ്ങളെയും അടിച്ചമർത്തുന്നതും ജനാധിപത്യ ഫെഡറൽ സംവിധാനങ്ങളെ അട്ടിമറിക്കാനുള്ള മുന്നൊരുക്കമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ന്യൂനപക്ഷ പിന്നോക്ക ജന വിഭാഗങ്ങൾക്കും സമുദായങ്ങൾക്കും എതിരെ പരസ്യമായി കലാപ ആഹ്വാനവും കൊള്ളയും കൂട്ടകൊലകളും ഒക്കെ നടത്താൻ മുന്നിൽ നിന്നവർ രാജ്യത്തെ ഭരണ തണലിൽ വിലസുമ്പോൾ രാഷ്ട്രീയ പ്രസ്ഥാവനകളുടെ മറവിൽ പ്രതിപക്ഷ നേതാക്കളെ നീതിരഹിതമായും ജനാതിപത്യ വിരുദ്ധമായും വേട്ടയാടുന്ന നിലപാട് തീർത്തും ഫാസിസമാണ് വെളിവാക്കുന്നത് എന്നും സമദ് നരിപ്പറ്റ അഭിപ്രായപ്പെട്ടു
ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബഷീർ അഹമ്മദ് മേമുണ്ട മുഖ്യാതിഥിയായിരുന്നു. ഐ എം സി സി ഭാരവാഹികളായ മൊയ്തീൻകുട്ടി പുളിക്കൽ, ശുകൂർ പാലൊളി. റയീസ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. നിസാർ അഴിയൂർ സ്വാഗതവും റഈസ് മുഹമ്മദ് നന്ദിയും പറഞ്ഞു.