ചെന്നൈ: ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടിൽ നിന്ന് 60 പവൻ സ്വർണം നഷ്ടപ്പെട്ടതായി ഭാര്യ ദർശനയുടെ പരാതി. സംഭവത്തിൽ അഭിരാമപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ചെന്നെയിലെ വീട്ടിലെ മോഷണത്തില്‍ ജോലിക്കാര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.
വിവിധ ഭാഷാ ചിത്രങ്ങളിൽ ഗായകനെന്ന നിലയിൽ വിജയ് യേശുദാസ് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2007, 2012, 2018 വർഷങ്ങളിൽ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചു. ‘അവൻ’ എന്ന ചിത്രത്തിലൂടെയാണ് വിജയ് യേശുദാസ് മലയാള സിനിമയിൽ നടനായി അരങ്ങേറ്റം കുറിച്ചത്. മാരി എന്ന ചിത്രത്തിലൂടെയാണ് വിജയ് യേശുദാസ് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
തമിഴ് ചലച്ചിത്ര സംവിധായിക ഐശ്വര്യ രജനീകാന്തിന്റെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷണം പോയിരുന്നു. സംഭവത്തിൽ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. വീട്ടുജോലിക്കാരിയായ ഈശ്വരി, ഡ്രൈവർ വെങ്കിടേശൻ എന്നിവരാണ് അറസ്റ്റിലായത്. 100 സ്വർണനാണയങ്ങൾ, 30 ഗ്രാം വജ്രാഭരണങ്ങൾ, 4 കിലോ വെള്ളി എന്നിവ മോഷ്ടിച്ചതിന് ഈശ്വരിക്കെതിരെ തേനാംപേട്ട് പൊലീസ് കേസെടുത്തിരുന്നു.