ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും വിവാദത്തിൽപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ. ശ്രീരംഗപട്ടണത്ത് കോൺഗ്രസ് സംഘടിപ്പിച്ച ‘പ്രജ ധ്വനി യാത്ര’യ്ക്കിടെ ശിവകുമാർ ബസിന് മുകളിൽ നിന്ന് ജനക്കൂട്ടത്തിലേക്ക് 500 രൂപ നോട്ടുകൾ വലിച്ചെറിയുന്ന വീഡിയോ പുറത്തുവന്നു. മാണ്ഡ്യ ജില്ലയിലെ ബെവിനഹള്ളിയിലാണ് സംഭവം. സ്ഥലത്തുണ്ടായിരുന്ന കലാകാരൻമാരെ പ്രോത്സാഹിപ്പിക്കാനാണ് പണം എറിഞ്ഞതെന്നാണ് ശിവകുമാറിൻ്റെ വാദം.
യാത്രയിലുടനീളം നിരവധി സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കോൺഗ്രസ് അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് ബിജെപി വക്താവ് എസ് പ്രകാശ് ആരോപിച്ചു. ഇന്ത്യൻ കറൻസിയെയും ശിവകുമാർ അപമാനിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ് മേല്‍പ്പാലത്തില്‍നിന്ന് നിന്ന് കറൻസി നോട്ടുകൾ വലിച്ചെറിഞ്ഞതിന് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതേ നടപടി തന്നെയാണ് ശിവകുമാറിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും പ്രകാശ് ആരോപിച്ചു.