തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസിൽ പരാതി. സി.പി.എം പ്രവർത്തകനായ അന്‍വര്‍ഷാ പാലോടാണ് സുരേന്ദ്രനെതിരെ പരാതി നൽകിയത്. സ്ത്രീകളെ മുഴുവൻ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാവിനെതിരെ നടപടി വേണമെന്നാണ് പരാതിയിൽ പറയുന്നത്. സി.പി.എമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി എന്നായിരുന്നു സുരേന്ദ്രന്റെ പരാമർശം.
തൃശൂരിൽ നടന്ന ബി.ജെ.പി വനിതാ ശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം യോഗത്തിലാണ് സുരേന്ദ്രൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. സ്ത്രീ ശാക്തീകരണത്തിന്റെ വക്താക്കളായി അധികാരത്തിലെത്തിയ മാർക്സിസ്റ്റ് പാർട്ടിയുടെ എല്ലാ വനിതാ നേതാക്കളും തടിച്ചുകൊഴുത്തു. പണം തട്ടിയെടുത്ത് തടിച്ചുകൊഴുത്ത് പൂതനകളായി അവർ കേരളത്തിലെ സ്ത്രീകളെ പരിഹസിക്കുകയാണെന്നാണ് സുരേന്ദ്രൻ പറഞ്ഞത്.
സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. സുരേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം നേതാക്കളും കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. സുരേന്ദ്രന്റെ പ്രസ്താവന അപലപനീയമാണെന്നും ഇത്തരമൊരു സ്ത്രീവിരുദ്ധ പ്രസ്താവന സമീപകാലത്ത് കേരള രാഷ്ട്രീയത്തിൽ കേട്ടിട്ടില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയാൻ സുരേന്ദ്രൻ തയ്യാറാകണമെന്നും സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ധൈര്യം കാണിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.