പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടതിന് കാരണം അമിത വേഗതയെന്ന് സംശയം. അമിത വേഗത്തിൽ വന്ന ബസ് വളവിൽ വച്ച് നിയന്ത്രണം വിട്ട് മറിഞ്ഞതാകാമെന്നാണ് നിഗമനം. പ്രാഥമിക പരിശോധനയിൽ ബസിൽ സാങ്കേതിക പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ല. പരിക്കേറ്റവരെ കോട്ടയത്തെയും പത്തനംതിട്ടയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇലവുങ്കലിൽ നിന്ന് കണമലയിലേക്ക് പോകുന്ന വഴിയിൽ നാറാണൻ തോട് ഭാഗത്ത് വെച്ചായിരുന്നു അപകടം. ഇന്ന് ഉച്ചയ്ക്ക് 1.20 ഓടെയായിരുന്നു സംഭവം. അപകടസമയത്ത് 64 മുതിർന്നവരും എട്ട് കുട്ടികളും ഉൾപ്പെടെ 72 പേരാണ് ബസിലുണ്ടായിരുന്നത്. തമിഴ്നാട്ടിലെ മയിലാട്തുറയിൽ നിന്നുള്ള അയ്യപ്പഭക്തർ ശബരിമല ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ 10 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 18 പേരെ നിലയ്ക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ പത്തനംതിട്ട ജനറൽ ആശുപത്രിയിലും സമീപത്തെ മറ്റ് ആശുപത്രികളിലും ചികിത്സയിലാണ്. സംഭവമറിഞ്ഞ് മന്ത്രി പി പ്രസാദ് സ്ഥലത്തെത്തി. വാഹനത്തിന്റെ പെർമിറ്റ് ഇൻഷുറൻസ് ഫിറ്റ്നസ് എല്ലാം കൃത്യമായിരുന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇയാൾ ബസിന്റെ ഡ്രൈവറാണെന്ന് സംശയിക്കുന്നു.