കൊച്ചി: ലൈഫ് മിഷൻ കേസിലെ കള്ളപ്പണ ഇടപാട് സ്പോൺസേർഡ് തീവ്രവാദമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ് ഇതിന്റെ സൂത്രധാരൻ എന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞു. എന്നാൽ സ്വപ്നയുടെ ലോക്കറിൽ നിന്ന് ലഭിച്ച പണത്തിന്റെ പേരിൽ രണ്ട് കേസുകളും എങ്ങനെ എടുക്കുമെന്ന് കോടതി ചോദിച്ചു.
ലൈഫ് മിഷൻ കേസിൽ റിമാൻഡിൽ കഴിയുന്ന എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇഡി ഇക്കാര്യം കോടതിയെ അറിയിച്ചത്. ലോക്കറിൽ നിന്ന് ലഭിച്ച പണം ശിവശങ്കറിന്റേതാണ്. ഇതുമായി ബന്ധപ്പെട്ട് ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ, സ്വപ്ന സുരേഷ് എന്നിവരിൽ നിന്ന് മോഴി കിട്ടിയിട്ടുണ്ട്. കള്ളപ്പണ ഇടപാടിലൂടെ സ്പോൺസേർഡ് തീവ്രവാദത്തിനാണ് പ്രതികൾ ശ്രമിച്ചത്. ശിവശങ്കറായിരുന്നു എല്ലാത്തിന്റെയും കേന്ദ്രബിന്ദു. ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ പിടിച്ചെടുക്കേണ്ടതുണ്ട്. നേരത്തെ അറസ്റ്റിലായപ്പോഴും ആരോഗ്യപരമായ കാരണങ്ങളാൽ ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ താമസിയാതെ അദ്ദേഹത്തെ ജോലിയിൽ പ്രവേശിപ്പിച്ചു. അതിനാൽ ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ ജാമ്യം നൽകണമെന്ന വാദം നിലനിൽക്കില്ലെന്നും ഇ.ഡി കോടതിയെ അറിയിച്ചു.