ന്യൂഡൽഹി: ലോക് സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോട് ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ടതിനെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാഹുൽ ഗാന്ധിയെ ഭീഷണിപ്പെടുത്താനും അപമാനിക്കാനുമുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമമാണ് ഇതെന്നും ഖാർഗെ പറഞ്ഞു.
രാഹുൽ ഗാന്ധിയെ ദുർബലപ്പെടുത്താനുള്ള എല്ലാ വഴികളും അവർ തേടുമെന്ന് ഉറപ്പാണ്. ഔദ്യോഗിക വസതി ഒഴിഞ്ഞുകഴിഞ്ഞാൽ പിന്നീട് അമ്മയോടൊപ്പമായിരിക്കും താമസം. അല്ലെങ്കിൽ അദ്ദേഹത്തിന് എന്റെ അടുത്തേക്ക് വരാം. ഞാൻ ഒരു വസതി ഒഴിഞ്ഞു കൊടുക്കുമെന്നും ഖാർഗെ പറഞ്ഞതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.
രാഹുൽ ഗാന്ധിയെ ഭീഷണിപ്പെടുത്താനും അപമാനിക്കാനുമുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങൾ അപലപനീയമാണ്. ഇതല്ല നേരായ മാർഗം. ചിലപ്പോൾ മൂന്നോ നാലോ മാസം ഞങ്ങൾ ഔദ്യോഗിക വസതിയില്ലാതെ താമസിച്ചിട്ടുണ്ട്. ഔദ്യോഗിക വസതി ലഭിക്കാൻ ഞാൻ ആറുമാസം കാത്തിരുന്നിട്ടുണ്ട്. ഇതെല്ലാം മറ്റുള്ളവരെ അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അത്തരം നടപടികളെ താൻ അപലപിക്കുന്നുവെന്നും ഖാർഗെ പറഞ്ഞു.