വാഷിങ്ടൻ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ്, എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കൽ, തുടർന്നുണ്ടായ സംഭവങ്ങൾ എന്നിവ നിരീക്ഷിച്ച് വരികയാണെന്ന് യുഎസ്. ഇന്ത്യയിലെ കോടതി നടപടികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു.
നിയമവാഴ്ചയോടുള്ള ബഹുമാനവും സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുമാണ് ഏതൊരു ജനാധിപത്യത്തിന്റെയും മൂലക്കല്ല്. രാഹുൽ ഗാന്ധിക്കെതിരെ കോടതികളിൽ വരുന്ന കേസുകൾ ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യ മൂല്യങ്ങളോട് പ്രതിബദ്ധത പുലർത്തുന്ന പങ്കാളിത്തമാണ് യുഎസിന് ഇന്ത്യയുമായി ഉള്ളത്. അഭിപ്രായ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും പ്രധാന ഘടകങ്ങളായി പരിഗണിച്ച് ഇരു രാജ്യങ്ങളിലെയും ജനാധിപത്യങ്ങളെ ശക്തിപ്പെടുത്താൻ ഞങ്ങൾ തുടർന്നും ശ്രമിക്കുമെന്നും ഒരു ചോദ്യത്തിന് മറുപടിയായി പട്ടേൽ പറഞ്ഞു.
മാനനഷ്ടക്കേസിന്റെയും അയോഗ്യതയുടെയും പശ്ചാത്തലത്തിൽ യുഎസ് ഇന്ത്യയുമായോ രാഹുലുമായോ ബന്ധപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് വേദാന്ത് പറഞ്ഞത് ഇങ്ങനെ, “ഇക്കാര്യത്തിൽ പ്രത്യേക ഇടപെടൽ ഉണ്ടായിട്ടില്ല. ഉഭയകക്ഷി ബന്ധമുള്ള ഏതൊരു രാജ്യത്തെയും പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുമായി യുഎസ് ബന്ധപ്പെടുന്നത് സ്വാഭാവികമാണ്”.