ന്യൂ ഡൽഹി: ഭോജ്പുരി നടി ആകാൻഷ ദുബെയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു. ഭോജ്പുരി ഗായകൻ സമർ സിങ്, സഹോദരൻ സഞ്ജയ് സിങ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അകാൻഷയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്. ഇരുവർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി നടിയുടെ കുടുംബം നേരത്തെയും രംഗത്തെത്തിയിരുന്നു. ഇരുവരും നടിയെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. കഴിഞ്ഞ മൂന്ന് വർഷമായി കോടിക്കണക്കിന് രൂപയുടെ ജോലി ചെയ്തിട്ടും ഇരുവരും പണം നൽകിയില്ലെന്നും മകളെ കൊല്ലുമെന്ന് സഞ്ജയ് സിങ് ഭീഷണിപ്പെടുത്തിയെന്നും നടിയുടെ അമ്മ വെളിപ്പെടുത്തി.
ശനിയാഴ്ചയാണ് സാരനാഥിലെ ഹോട്ടൽ മുറിയിൽ നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു സിനിമയുടെ ചിത്രീകരണത്തിനായി വാരണാസിയിലായിരുന്നു അകാൻഷ.’ഹാപ്പി വാലന്റൈൻസ് ഡേ’ എന്ന അടിക്കുറിപ്പോടെ അകാൻഷ സമർ സിങ്ങിനൊതുള്ള ചിത്രം മുൻപ് പങ്കുവച്ചിരുന്നു, ഇത് ഇരുവരും പ്രണയത്തിലാണെന്ന സൂചനയാണ് നൽകുന്നതാണ്.