ന്യൂയോര്‍ക്ക്: അമേരിക്കയിലെ ടെന്നസിയിൽ നടന്ന വെടിവയ്പിൽ പ്രതികരിച്ച് പ്രസിഡന്റ് ജോ ബൈഡൻ. ‘ഇതൊരു രോഗമാണ്,’ വെടിവയ്പിനെക്കുറിച്ച് ബൈഡൻ പറഞ്ഞു. തോക്ക് കൊണ്ടുള്ള ആക്രമണങ്ങൾക്കെതിരെ ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ട്, അത്തരം ആക്രമണങ്ങൾ രാജ്യത്തിന്റെ ആത്മാവിനെ കീറിമുറിക്കുകയാണെന്നും ബൈഡൻ പറഞ്ഞു.
ഇതൊരു രോഗമാണ്. എന്താണ് സംഭവിച്ചതെന്നും എങ്ങനെ സംഭവിച്ചുവെന്നും അന്വേഷിക്കുകയാണ്. ഇത് ഹൃദയഭേദകമാണ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. തോക്ക് അക്രമം തടയാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഇത് നമ്മുടെ സമൂഹങ്ങളെ ശിഥിലമാക്കുകയും ഈ രാജ്യത്തിന്റെ ആത്മാവിനെ കീറിമുറിക്കുകയും ചെയ്യുന്നു. നമ്മുടെ സ്കൂളുകൾ ജയിലുകളായി മാറാതിരിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
വെടിവയ്പിൽ ആറ് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മൂന്ന് കുട്ടികളും മൂന്ന് മുതിർന്നവരുമാണ് മരിച്ചത്. നാഷ്വില്ലിയിലെ ഒരു സ്കൂളിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ നിരവധി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്. 28 കാരിയായ പൂർവ്വ വിദ്യാർത്ഥിയായ ഓഡ്രി ഹേൽ ആണ് അക്രമിയെന്ന് പോലീസ് സ്ഥിരീകരിച്ചു. അക്രമി കൊല്ലപ്പെട്ടതായി നാഷ്വില്ലി പോലീസ് അറിയിച്ചു.