മൂന്നാർ: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ സ്ഥിരം പ്രശ്നക്കാരനായ അരിക്കൊമ്പനെ മയക്ക് വെടി വയ്ക്കുന്നതിനുള്ള വനംവകുപ്പ് സംഘങ്ങളുടെ രൂപീകരണം ഇന്ന് നടക്കും. എട്ട് ഗ്രൂപ്പുകളെയാണ് രൂപീകരിക്കേണ്ടത്. ആരൊക്കെ എന്തൊക്കെ ജോലികൾ ചെയ്യണമെന്ന് വിശദീകരിച്ച് നൽകും. മറ്റ് വകുപ്പുകളെ ഉൾപ്പെടുത്തി നാളെ മോക്ക് ഡ്രിൽ നടത്താനാണ് നിലവിലെ തീരുമാനം.
കോടതി വിധിയെ അനുകൂലമാക്കാൻ ആവശ്യമായ എല്ലാ വിവരങ്ങളും വനംവകുപ്പ് തയ്യാറാക്കി നൽകിയിട്ടുണ്ട്. വിധി അനുകൂലമായാൽ അടുത്ത ദിവസം തന്നെ മയക്ക് വെടി വക്കുന്ന ദൗത്യത്തിലേക്കും കടക്കും. നിലവിൽ 301 കോളനിക്ക് സമീപമാണ് അരിക്കൊമ്പനുള്ളത്. ആനയെ നിരീക്ഷിക്കാൻ നിരീക്ഷകരുടെ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. വയനാട്ടിൽ നിന്നുള്ള ആർ.ആർ.ടിയും, ഡോ.അരുൺ സക്കറിയയും ചിന്നക്കനാലിൽ തുടരുകയാണ്.
കഴിഞ്ഞ 18 വർഷത്തിനിടയിൽ 180 ഓളം കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തതായാണ് കണക്ക്. 2005 മുതൽ വീടുകൾ, റേഷൻ കടകൾ, ഏലം സ്റ്റോറുകൾ എന്നിവയുൾപ്പെടെ 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ നശിപ്പിച്ചതായി വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 23 എണ്ണം ഈ വർഷം നശിപ്പിച്ചതാണ്.