ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബിഎസ് യെദിയൂരപ്പയുടെ വീടിന് നേരെ കല്ലേറ്. ശിവമൊഗ്ഗ ജില്ലയിലെ ശിക്കാരിപുരയിലെ വീടിന് നേരെയാണ് ബംജാര സമുദായത്തിൽപ്പെട്ടവർ ആക്രമണം നടത്തിയത്. വീട്ടിൽ അതിക്രമിച്ച് കയറാനും ശ്രമമുണ്ടായി. വീടിന് മുന്നിൽ വൻ പ്രതിഷേധവുമുണ്ടായി. എസ്.ടി ലിസ്റ്റിൽ പ്രത്യേക സംവരണം വേണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ആക്രമണം ഉണ്ടായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു ആക്രമണം.
എസ്.ടി ലിസ്റ്റിൽ പ്രത്യേക സംവരണം വേണമെന്ന് സമുദായം ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. സംവരണക്രമത്തിൽ കഴിഞ്ഞ ദിവസം സർക്കാർ മാറ്റങ്ങൾ വരുത്തിയിരുന്നു. അപ്പോഴും തങ്ങളെ അവഗണിച്ചുവെന്നാണ് ഇവർ ആരോപിക്കുന്നത്. സംവരണത്തെക്കുറിച്ചുള്ള ജസ്റ്റിസ് എ.ജെ. സദാശിവ കമ്മിഷൻ റിപ്പോർട്ട് സർക്കാർ തള്ളിക്കളയണമെന്നും ഇവർ ആവശ്യപ്പെട്ടു. സമാധാനപരമായി ഒരുമിച്ച് പ്രവർത്തിക്കുന്ന പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളെ ഭിന്നിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ റിപ്പോർട്ടെന്നാണ് അവർ ആരോപിക്കുന്നത്.
സർക്കാർ തീരുമാനത്തിനെതിരായ പ്രതിഷേധത്തിൽ ആയിരത്തിലധികം പേർ പങ്കെടുത്തു. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. തുടർന്ന് ജലപീരങ്കി പ്രയോഗിച്ചു. യെദിയൂരപ്പയുടെയും മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുടെയും കോലവും കത്തിച്ചു.