കൊച്ചി: നടൻ ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് പതിറ്റാണ്ടുകളായി നമ്മോടൊപ്പം നടന്ന ഇന്നസെന്റ് ഇന്ന് വേദനിപ്പിക്കുന്ന ഓർമ്മയാണ്. വാക്കിലും നോട്ടത്തിലും പെരുമാറ്റത്തിലും നർമ്മബോധത്തിന്റെ മാധുര്യം നിറഞ്ഞ ഒരാൾ. എഴുത്തിലും അഭിനയത്തിലും ആത്മാർത്ഥത പുലർത്തിയിരുന്ന ഒരാൾ. നിഷ്കളങ്കമായ ഒരു പുഞ്ചിരിയോടെ തന്റെ പേരിനെ അന്വർഥമാക്കിയ ഒരു മനുഷ്യൻ. അതിലുപരിയായി, ശരീരത്തെ ഗ്രസിച്ചിരുന്ന രോഗത്തിനെതിരെ ധീരമായി പോരാടുകയും സമൂഹത്തിന് ധൈര്യം പകരുകയും ചെയ്ത ഒരാൾ. ഇന്നസെന്റിന് പകരം വയ്ക്കാൻ മറ്റാരുമില്ല.
സിനിമയിൽ സൃഷ്ടിച്ച കഥാപാത്രങ്ങൾ പോലെ ജീവിതത്തിൽ നിരവധി വേഷങ്ങൾ. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി മുതൽ ഇന്ത്യൻ പാർലമെന്റ് വരെ നീണ്ട രാഷ്ട്രീയ ജീവിതം. 18 വർഷം അമ്മയുടെ പ്രസിഡന്റായി. അറുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച ഇന്നസെന്റ് ലോകത്തിനു മുന്നിൽ മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഹാസ്യനടൻമാരിൽ ഒരാളാണ്.
എന്റെ കൗമാരകാലത്തും യൗവനകാലത്തും ഇന്നസെന്റ് സ്ക്രീൻ നിറഞ്ഞാടുകയായിരുന്നു. തനതായ ശരീരഭാഷയും ഭാഷാ ശൈലിയും അതുല്യമായ അഭിനയ വൈദഗ്ധ്യവും കൊണ്ട് അരനൂറ്റാണ്ടോളം മലയാളസിനിമയ്ക്കൊപ്പം നടന്നയാളാണ് ഇന്നസെന്റ് എന്ന ഇരിങ്ങാലക്കുടക്കാരൻ. അദ്ദേഹത്തിന്റെ വിയോഗം സിനിമാ മേഖലയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് വി ഡി സതീശൻ പറഞ്ഞു. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.