മനാമ: ബഹ്റൈനിൽ റസ്റ്റാറന്റുകളിലും വ്യാപാരസ്ഥാപനങ്ങളിലും ആരോഗ്യപരിശോധന ഊർജിതമാക്കുന്നു. മുഹറഖ് മുനിസിപ്പൽ കൗൺസിൽ, ആരോഗ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്. റമദാന് മുന്നോടിയായി തുടങ്ങിയ പരിശോധന റമദാനിലും തുടരാനാണ് തീരുമാനം. റസ്റ്റാറന്റുകൾ, കോൾഡ് സ്റ്റോറുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തുകയും ആരോഗ്യ, ശുചിത്വ നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.
നിയമം പാലിക്കുന്നതിൽ വീഴ്ചവരുത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സമയം നൽകുകയും ചെയ്തിട്ടുണ്ട്. കഫറ്റീരിയകൾ, ടീഷോപ്പുകൾ എന്നിവയാണ് നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തുന്നവയിലധികവും. മുന്നറിയിപ്പുകൾ നൽകിയിട്ടും റെസ്റ്റോറന്റുകളിൽ പലതും അശ്രദ്ധ തുടരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും പരിശോധന ഗുണകരമാകുമെന്ന് അധികൃതർ അറിയിച്ചു.