ന്യൂഡൽഹി: മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ട്വിറ്റർ ബയോ മാറ്റി രാഹുൽ ഗാന്ധി. തന്റെ ട്വിറ്റർ ബയോയിൽ രാഹുൽ ഇപ്പോൾ ലോക്സഭാ എംപി എന്നത് മാറ്റി ‘അയോഗ്യനാക്കപ്പെട്ട എംപി’ എന്നാണ് ചേർത്തിരിക്കുന്നത്. സൂറത്ത് കോടതിയാണ് രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചത്. ഇതിന് പിന്നാലെയാണ് രാഹുലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിക്കൊണ്ട് ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
തുടർന്നാണ് വയനാട് എംപിയായിരുന്ന രാഹുൽ ഗാന്ധി തന്റെ ട്വിറ്റർ ബയോയിലും ‘അയോഗ്യത’ ചേർത്തത്. 23 മില്യൺ ആളുകളാണ് രാഹുൽ ഗാന്ധിയെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നത്. രാഹുലിനെതിരായ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്ഘട്ടിൽ സത്യാഗ്രഹം ആരംഭിച്ച സമയത്താണ് സോഷ്യൽ മീഡിയയിൽ രാഹുലിന്റെ പ്രതിഷേധം.
രാഹുലിനെതിരായ വിധിക്കെതിരെ സെഷൻസ് കോടതിയിൽ അപ്പീൽ നൽകാനാണ് കോൺഗ്രസിൻ്റെ തീരുമാനം. രാജ്യത്തുടനീളം പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ലോക്സഭയിൽ നിന്ന് എന്നെന്നേക്കുമായി അയോഗ്യനാക്കപ്പെട്ടാലും പ്രശ്നമില്ലെന്നും ജനങ്ങൾക്ക് വേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്നും രാഹുൽ പറഞ്ഞു. അതിനാൽ സർക്കാരിനെതിരെ ചോദ്യങ്ങൾ ഉന്നയിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.