വിശാഖപട്ടണം: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കിരീടം ചൂടി തെലുങ്ക് വാരിയേഴ്സ്. വിശാഖപട്ടണത്ത് നടന്ന ഫൈനലിൽ തെലുങ്ക് വാരിയേഴ്സ് ഭോജ്പുരി ദബാംഗ്സിനെയാണ് പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിങ്സിൽ 32 പന്തിൽ 67 റൺസെടുത്ത അഖിൽ അക്കിനേനിയാണ് തെലുങ്കിനെ അനായാസം വിജയത്തിലേക്ക് നയിച്ചത്. മാൻ ഓഫ് ദ മാച്ച് അവാർഡും അദ്ദേഹം നേടി. സിസിഎൽ ചരിത്രത്തിൽ തെലുങ്ക് വാരിയേഴ്സിന്റെ നാലാമത്തെ കിരീടമാണിത്.
ടോസ് നേടിയ തെലുങ്ക് ക്യാപ്റ്റൻ അഖിൽ അക്കിനേനി ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ 10 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 72 റൺസ് ആണ് ഭോജ്പുരി ദബാങ്സ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ തെലുങ്ക് വാരിയേഴ്സ് 10 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 104 റൺസെടുത്തു. ഉദയ് തിവാരി (18 പന്തിൽ 34), ആദിത്യ ഓജ (13 പന്തിൽ 31) എന്നിവരാണ് രണ്ടാം ഇന്നിംഗ്സിൽ ഭോജ്പുരിയുടെ ടോപ് സ്കോറർമാർ. 10 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 89 റൺസെടുക്കാനേ അവർക്കു കഴിഞ്ഞുള്ളൂ. സിസിഎൽ 2023 പതിപ്പിന്റെ ഫൈനലിൽ വിജയിക്കാൻ തെലുങ്കിന് അവസാന 60 പന്തിൽ 58 റൺസ് മാത്രമേ വേണ്ടിയിരുന്നുള്ളൂ. വെറും 6.2 ഓവറിൽ അവർ ലക്ഷ്യം മറികടന്നു. ഫൈനലിൽ തെലുങ്ക് വാരിയേഴ്സ് 9 വിക്കറ്റിന് വിജയിച്ചു. അവസാന ഇന്നിങ്സിൽ 21 പന്തിൽ 31 റൺസ് എടുത്ത അശ്വിനാണ് തെലുങ്ക് വാരിയേഴ്സിന്റെ ടോപ് സ്കോറർ.