ന്യൂഡൽഹി: ഒരു ശബ്ദത്തെ നിശബ്ദമാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും എന്നാൽ ഇപ്പോൾ ലോകത്തിന്റെ എല്ലാ കോണുകളും ഇന്ത്യയുടെ ശബ്ദം കേൾക്കുന്നുവെന്നും കോൺഗ്രസ് എംപി ശശി തരൂർ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വാർത്ത വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ പരാമർശിച്ചുകൊണ്ടായിരുന്നു തരൂരിൻ്റെ പരാമർശം.
വിദേശ മാധ്യമങ്ങളിലെ വാർത്തയുടെ സ്ക്രീൻഷോട്ട് അദ്ദേഹം ട്വീറ്റ് ചെയ്തു. ദി ഗാർഡിയൻ ഓസ്ട്രേലിയ, സൗദി അറേബ്യയുടെ അഷ്റഖ് ന്യൂസ്, ഫ്രാൻസിലെ ആർഎഫ്ഐ, സിഎൻഎൻ ബ്രസീൽ, വാഷിംഗ്ടൺ പോസ്റ്റ്, ബിബിസി തുടങ്ങിയ വിദേശ മാധ്യമങ്ങളിലെ വാർത്തയുടെ സ്ക്രീൻഷോട്ടാണ് പങ്കുവച്ചത്.
2019 ലെ ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ സൂറത്ത് കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചതിനെ തുടർന്നാണ് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മത്സരിക്കാൻ സാധ്യതയില്ല. രാഹുലിന്റെ ലോക്സഭാ സീറ്റായ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.