ബെംഗളൂരു: കർണാടകയിലെ 124 നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. പ്രമുഖ കോൺഗ്രസ് നേതാക്കളെല്ലാം ആദ്യ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. സുരക്ഷിത മണ്ഡലം തിരഞ്ഞെടുത്ത മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ ഇത്തവണ മൈസൂരുവിലെ വരുണയിൽ നിന്ന് മത്സരിക്കും. കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ കനക്പുരയിൽ നിന്ന് മത്സരിക്കും. മുതിർന്ന നേതാവ് ജി പരമേശ്വര കൊരട്ടിഗെരെയിൽ തുടരും. സംസ്ഥാനത്ത് ആകെ 224 സീറ്റുകളാണുള്ളത്.
രണ്ട് ദിവസം മുമ്പ് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ രാഹുൽ ഗാന്ധിയുടെ കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി 130 സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകാരം നൽകിയിരുന്നു. 124 സ്ഥാനാർഥികളുടെ പേരുകളാണ് ഇതുവരെ പ്രഖ്യാപിച്ചത്. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള സ്ക്രീനിംഗ് കമ്മിറ്റിയാണ് പട്ടികയ്ക്ക് അംഗീകാരം നൽകിയത്. പട്ടികയിലെ 40 ഓളം പേർ 45 വയസ്സിന് താഴെയുള്ളവരാണ്. ഒന്നിൽ കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരംഗത്തുള്ള ശേഷിക്കുന്ന സീറ്റുകളുടെ കാര്യം ചർച്ച ചെയ്യാൻ സമിതി വീണ്ടും യോഗം ചേരും.