തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ തിരുവനന്തപുരത്ത് പ്രകടനം നടത്തി. രാജ്യത്തെ പ്രതിപക്ഷ നേതൃത്വത്തിലെ പ്രമുഖരെ വേട്ടയാടുന്ന മോദി സർക്കാരിൻ്റെ നടപടിയിലും ഡൽഹിയിൽ പ്രതിപക്ഷ എംപിമാരെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചായിരുന്നു തിരുവനന്തപുരത്തെ ഏജീസ് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മോദി സർക്കാരിൻ്റെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം എം.പി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു. രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയത് പ്രതിപക്ഷ നേതൃത്വത്തോടുള്ള വേട്ടയാടലിന്റെ ഭാഗമാണെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.
പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് മുൻകൈയുള്ള സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭീഷണി തുടരുകയാണ്. പ്രതിപക്ഷത്തെ പ്രധാന നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ കേസെടുക്കുന്നത് ഇതിന്റെ ഭാഗമാണ്. ഇത്തരം ഏകാധിപത്യ നിലപാടുകൾക്കെതിരെ പ്രതികരിച്ച പ്രതിപക്ഷ എംപിമാരെ ഡൽഹിയിൽ അറസ്റ്റ് ചെയ്തത് അംഗീകരിക്കാനാവില്ലെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് ജില്ലാ സെക്രട്ടറി ഡോ.ഷിജു ഖാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.അനൂപ് അധ്യക്ഷത വഹിച്ചു.