തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് ചീഫ് ആർക്കിടെക്റ്റിന്റെ ഓഫീസിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് മിന്നൽ പരിശോധന നടത്തി. 11 മണി കഴിഞ്ഞിട്ടും ജീവനക്കാർ എത്താത്തത് മന്ത്രിയെ ചൊടിപ്പിച്ചു. ആവശ്യപ്പെട്ട് 20 മിനിറ്റ് കഴിഞ്ഞിട്ടും പഞ്ചിങ് റജിസ്റ്റര്‍ ലഭിക്കാത്തതും മന്ത്രിയെ ക്ഷുഭിതനാക്കി. സ്പാർക്കുമായി ഓഫിസിലെ പഞ്ചിങ് ബന്ധപ്പെടുത്താത്ത കാര്യം മേലധികാരികളെ അറിയിക്കാത്തത് ഗൗരവകരമാണെന്ന് മന്ത്രി പറഞ്ഞു. ഓഫീസ് പർച്ചേസിൽ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിനും മന്ത്രി ഉത്തരവിട്ടു.
പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും സുതാര്യത ഉറപ്പാക്കാനും തെറ്റായ പ്രവണതകൾ പൂർണ്ണമായും ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കൃത്യസമയത്ത് ഓഫീസുകളിൽ എത്തുന്നതും ജോലി ചെയ്യുന്നതും ഒരു പ്രധാന ഉത്തരവാദിത്തമാണ്. ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്. തെറ്റായ പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്താനാണ് തീരുമാനമെന്നും പരിശോധനയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.