കോഴിക്കോട്: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളായ രണ്ട് പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് നടക്കാവ് പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. തങ്ങളെ കെണിയിൽപ്പെടുത്തിയതാണെന്നാണ് ഇവർ പറയുന്നത്.
മാർച്ച് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം സ്വദേശിനിയായ യുവതിയെ കാരപ്പറമ്പിലെ ഫ്ളാറ്റിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകിയാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. കോഴിക്കോട് സ്വദേശിനിയായ സീരിയൽ നടിയാണ് ഇടനിലക്കാരിയായി പ്രവർത്തിച്ചതെന്നും പെൺകുട്ടി പറയുന്നു. ഫ്ളാറ്റിലെത്തുന്നതുവരെ നടി ഒപ്പമുണ്ടായിരുന്നു. പിന്നീട് കാണാതായി. സിനിമാക്കാർ എന്നു പറഞ്ഞ രണ്ടുപേരാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി.
പെൺകുട്ടി പറഞ്ഞ സീരിയൽ നടിയെ നടക്കാവ് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഒന്നും അറിയാതെയാണ് പെൺകുട്ടിയെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയതെന്നും തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവിടെ നിന്ന് രക്ഷപ്പെട്ടെന്നും നടി പൊലീസിനോട് പറഞ്ഞു. കേസിൽ ദുരൂഹതയുണ്ടെന്നും സാമ്പത്തിക ഇടപാടുകളുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്.