സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി എഡിറ്റർ സൈജു ശ്രീധരൻ. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയിലുള്ള ചിത്രമായിരിക്കും ഇത്. മലയാളത്തിൽ ആദ്യമായാണ് ഇത്തരമൊരു രീതി ഉപയോഗിച്ച് ഒരു മുഴുനീള സിനിമ ഒരുങ്ങുന്നത്.
ചിത്രത്തിന്റെ ഭൂരിഭാഗവും അല്ലെങ്കിൽ ഗണ്യമായ ഭാഗവും കണ്ടെത്തപ്പെടുന്ന സിനിമയോ വീഡിയോ റെക്കോർഡിംഗുകളോ പോലെ അവതരിപ്പിക്കുന്ന ഒരു സിനിമാറ്റിക് സാങ്കേതികതയാണ് ഫൗണ്ട് ഫൂട്ടേജ്. അഞ്ചാം പാതിര, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായിരുന്നു സൈജു ശ്രീധരൻ. സൈജു ശ്രീധരനും ശബ്ന മുഹമ്മദും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൈജു ശ്രീധരൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റർ. മഞ്ജു വാര്യരെ കൂടാതെ മാമുക്കോയ, നഞ്ചിയമ്മ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സുഷിൻ ശ്യാം സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു.
മൂവി ബക്കറ്റ്, പെയിൽ ബ്ലൂ ഡോട്ട് ഫിലിംസ്, കാസ്റ്റ് ആൻഡ് കൊ എൻ്റർടെയ്ൻമെൻ്റ്സ് എന്നീ ബാനറുകളില്‍ ബിനീഷ് ചന്ദ്രനും സൈജു ശ്രീധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് രാഹുൽ രാജീവ്, സൂരജ് മേനോൻ, കലാസംവിധായകൻ അപ്പുണ്ണി സാജൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം റോണക്സ് സേവ്യർ, സ്റ്റണ്ട് ഇർഫാൻ അമീർ, കൺട്രോളർ കിഷോർ പുറക്കാട്ടിരി. തൊടുപുഴയിലും പരിസരങ്ങളിലുമായിട്ടായിരിക്കും ചിത്രീകരണം. പിആർഒ- എ എസ് ദിനേശ്.