തിരുവനന്തപുരം: നിയമസഭയ്ക്കുള്ളിലെ വിവേചനത്തിൽ പ്രതിഷേധിച്ച് നിയമസഭയുടെ നടുത്തളത്തിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ച് അഞ്ച് പ്രതിപക്ഷ എം എൽ എമാർ. ഉമ തോമസ്, അൻവർ സാദത്ത്, ടി.ജെ വിനോദ്, കുറുക്കോളി മൊയ്തീൻ, എകെഎം അഷ്റഫ് എന്നിവരാണ് ഇന്ന് മുതൽ നിയമസഭയിൽ സത്യാഗ്രഹം നടത്തുന്നത്. ഇന്നും പ്ലക്കാർഡുകളുമായി പ്രതിഷേധിച്ച പ്രതിപക്ഷം പ്രശ്നപരിഹാരത്തിന് സർക്കാർ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചു.
ധിക്കാരപരമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഉന്നയിച്ച ആവശ്യങ്ങളിൽ നിന്ന് പ്രതിപക്ഷം പിന്നോട്ട് പോകില്ലെന്നും വി ഡി സതീശൻ പ്രഖ്യാപിച്ചു. എന്നാൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങളൊന്നും സഭാ ടിവിയിൽ കാണിക്കുന്നില്ല. ഇതിനെതിരെ മാധ്യമപ്രവർത്തകരും പത്രപ്രവർത്തക സംഘടനകളും സ്പീക്കറെ നേരിട്ട് കണ്ട് സംസാരിച്ചെങ്കിലും പ്രതിപക്ഷത്തിന്റെ ദൃശ്യങ്ങൾ ഇതുവരെ സഭാ ടിവിയിലൂടെ കാണിച്ചിട്ടില്ല.
സഭയുടെ നടത്തിപ്പിനെ പ്രതിപക്ഷം വെല്ലുവിളിക്കുകയാണെന്നും കേരളം പോലൊരു നിയമസഭയ്ക്ക് ഇത് യോജിച്ചതല്ലെന്നും മന്ത്രി കെ രാജൻ മറുപടി നൽകി.