ന്യൂഡൽഹി: മുദ്രവെച്ച കവറിൽ കോടതിയിൽ വിവരങ്ങൾ സമർപ്പിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. സായുധ സേനയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർക്കുള്ള ‘ഒരേ റാങ്ക്, ഒരേ പെൻഷൻ’ പദ്ധതിയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം. ഹർജിയിൽ പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട് അറിയിച്ച് അറ്റോർണി ജനറൽ സമർപ്പിച്ച മുദ്രവെച്ച കവർ സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചു. ഒന്നുകിൽ അത് വായിച്ച് കേൾപ്പിക്കുകയോ അല്ലെങ്കിൽ തിരിച്ചെടുക്കുകയോ ചെയ്യണമെന്ന് അദ്ദേഹം അറ്റോർണി ജനറലിനോട് ആവശ്യപ്പെട്ടു.
ഞങ്ങൾ രഹസ്യ രേഖകളോ മുദ്രവെച്ച കവറുകളോ എടുക്കില്ല. വ്യക്തിപരമായി ഇതിനെ എതിർക്കുന്നു. കോടതിയിൽ സുതാര്യത ഉണ്ടാകണം. മുദ്രവെച്ച കവർ സമർപ്പിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. സുപ്രീം കോടതിയും ഇത് പിന്തുടർന്നാൽ ഹൈക്കോടതികളും ഇത് പിന്തുടരുമെന്നും ചീഫ് ജസ്റ്റിസ് അറ്റോർണി ജനറലിനോട് പറഞ്ഞു.
മുദ്രവെച്ച കവറുകൾ ജുഡീഷ്യൽ തത്വങ്ങൾക്ക് വിരുദ്ധമാണ്. ഒരു ഉറവിടമോ ആരുടെയെങ്കിലും ജീവനോ അപകടത്തിലാണെങ്കിൽ മാത്രമേ ഈ രീതി സ്വീകരിക്കാൻ കഴിയൂ എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.