തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ അംഗീകരിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷവുമായി സ്പീക്കര്‍ ചർച്ച നടത്തിയിട്ടില്ല. അടിയന്തര പ്രമേയ ചർച്ച അനുവദിക്കില്ലെന്ന നിലപാടിനോട് യോജിക്കാൻ കഴിയില്ല. പൂർവസ്ഥിതി പുനഃസ്ഥാപിക്കണം. അനാവശ്യമായി നാല് നോട്ടീസുകൾ അനുവദിച്ചില്ല. എംഎൽഎമാർക്കെതിരെ കള്ളക്കേസുകൾ ചുമത്തി. യഥാർത്ഥ പ്രതികൾക്കെതിരെ ജാമ്യം കിട്ടാവുന്ന വകുപ്പും പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവതി പീഡനത്തിന് ഇരയായി. തിരുവനന്തപുരത്ത് സ്ത്രീക്ക് എതിരെ ലൈംഗികാതിക്രമം ഉണ്ടായി. മുഖ്യമന്ത്രിയുടെ മൂക്കിന് കീഴിലുള്ള പോലീസ് സ്റ്റേഷനിലെ സ്ഥിതി ഇതാണ്. ലോ കോളേജിൽ എസ്.എഫ്.ഐ അക്രമം അഴിച്ചുവിട്ടു. എസ്.എഫ്.ഐ ക്രിമിനലുകൾക്കെതിരായി എന്ത് നടപടിയെടുത്തു. എന്ത് വൃത്തികേടും മുഖ്യമന്ത്രിയുടെ മൂക്കിന് കീഴിൽ സംഭവിക്കും, ഇതെല്ലാം നിയമസഭയിൽ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിക്ക് സൗകര്യമില്ല. ഇതിന് തങ്ങൾ കീഴടങ്ങിയാൽ പ്രതിപക്ഷ അവകാശം മുഴുവൻ കവർന്നെടുക്കും.
സ്പീക്കറുടെ ഓഫീസിൽ നിന്ന് വിളിച്ച് ഉപദേശക സമിതിയിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടു. ഏഴ് എംഎൽഎമാർക്കെതിരെ കള്ളക്കേസുകൾ ഫയൽ ചെയ്യുമ്പോൾ സഭാ നടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.