തിരുവനന്തപുരം: പേട്ടയിൽ സ്ത്രീ ആക്രമിക്കപ്പെട്ട സംഭവം അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തിയ പേട്ട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം. ആക്രമണത്തെക്കുറിച്ച് അറിയിച്ചിട്ടും കേസ് രജിസ്റ്റർ ചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. പരാതിയിൽ ഇന്ന് തന്നെ നടപടിയുണ്ടാകുമെന്ന് ഡിസിപി പറഞ്ഞു.
കഴിഞ്ഞ 13ന് രാത്രി 11 മണിയോടെയായിരുന്നു സംഭവം. വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വെച്ചാണ് 49കാരിയെ അജ്ഞാതൻ ക്രൂരമായി ആക്രമിച്ചത്. മകളോടൊപ്പം താമസിക്കുന്ന പരാതിക്കാരി മരുന്ന് വാങ്ങാനായി ഇരുചക്രവാഹനത്തിൽ പോയി മടങ്ങുമ്പോൾ മൂലവിളാകം ജംഗ്ഷനിൽ നിന്ന് അജ്ഞാതൻ പിന്തുടർന്നു. വീട്ടിലേക്കുള്ള വഴിയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം തടഞ്ഞുനിർത്തി ക്രൂരമായി ആക്രമിക്കുകയായിരുന്നു.
വീട്ടിലെത്തി മകളോട് കാര്യം പറഞ്ഞു. മകൾ പേട്ട പോലീസിൽ വിവരമറിയിച്ചിട്ടും പോലീസ് നടപടിയെടുത്തില്ലെന്നാണ് പരാതി. പരാതിക്കാരിയോട് സ്റ്റേഷനിലെത്തി മൊഴിയെടുക്കാൻ ആവശ്യപ്പെട്ട പോലീസ് മൂന്ന് ദിവസത്തിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.