കൊച്ചി: പോപ്പുലർ ഫ്രണ്ട് കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ കൊച്ചിയിലെ എൻ.ഐ.എ കോടതിയിലാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. കേസിൽ ആകെ 59 പ്രതികളാണുള്ളത്. ഇതര മതസ്ഥർക്കെതിരെ ഗൂഢാലോചന നടന്നു. ജനങ്ങൾക്കിടയിൽ സാമുദായിക അസ്വാരസ്യം സൃഷ്ടിച്ച് സമാധാനാന്തരീക്ഷം തകർക്കാൻ പ്രതികൾ ശ്രമിക്കുകയാണെന്നും ജനാധിപത്യത്തെ തകർക്കാനും ഇസ്ലാമിക ഭരണം കൊണ്ടുവരാനും ശ്രമിക്കുകയാണെന്നും കുറ്റപത്രത്തിൽ പറയുന്നു. മുസ്ലിം യുവാക്കൾക്കിടയിൽ ആയുധ പരിശീലനം നടത്താനും പോപ്പുലർ ഫ്രണ്ട് ശ്രമിച്ചതായാണ് റിപ്പോർട്ട്. 2047 ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ പ്രവർത്തിച്ചിരുന്നത്. ഇതിനായി പണം സ്വരൂപിച്ചതായും എൻ.ഐ.എ പറയുന്നു.
ഭീകരസംഘടനയായ ഐസിസിന്റെ പിന്തുണയോടെ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നത്. തങ്ങളുടെ നീക്കങ്ങൾക്ക് തടസ്സം നിൽക്കുന്നവരെ ഉൻമൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പോപ്പുലർ ഫ്രണ്ട് നേതാക്കൾ നിരോധിത സംഘടനയായ ഐസിസിനെ പിന്തുണച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവ് കരമന അഷ്റഫ് മൗലവിയാണ് കേസിലെ ഒന്നാം പ്രതി. നിരോധിത പോപ്പുലർ ഫ്രണ്ടിന്റെ രണ്ടാം, മൂന്നാം നിര നേതാക്കളെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.