തിരുവനന്തപുരം: കെ.ടി.യു വി.സി സിസ്സ തോമസിൻ്റെ കാരണം കാണിക്കൽ നോട്ടീസിൽ സർക്കാരിൻ്റെ തുടർനടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. സിസ്സ തോമസ് നൽകിയ പരാതിയിലാണ് ഉത്തരവ്. നോട്ടീസിന് മറുപടി നൽകാൻ സിസ്സയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും സർക്കാരിന് നിർദേശം നൽകി. കേസ് 23ന് വീണ്ടും പരിഗണിക്കും.
സർക്കാർ നൽകിയ പേരുകൾ തള്ളി ഗവർണർ സിസ്സയെ നിയമിച്ചതു മുതൽ സർക്കാർ തർക്കത്തിലാണ്. മുൻകൂർ അനുമതിയില്ലാതെ വി.സി സ്ഥാനം ഏറ്റെടുത്തതിന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സിസ്സ തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സിസ്സ തോമസിനെ നിയമിച്ച് അഞ്ച് മാസത്തിന് ശേഷമാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അടുത്തിടെ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ നിന്ന് സിസ്സയെ നീക്കം ചെയ്യുകയും പകരം നിയമനം നൽകാതിരിക്കുകയും ചെയ്തു. ഒടുവിൽ സിസ്സയുടെ പരാതിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തിരുവനന്തപുരത്ത് നിയമനത്തിന് ഉത്തരവിടുകയായിരുന്നു.