പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ജനഗണമന. 2022 ഏപ്രിലിൽ റിലീസ് ചെയ്ത ചിത്രം നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ കരസ്ഥമാക്കിയിരുന്നു. ബോക്സോഫീസിലും ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. റിലീസ് ചെയ്ത് ഒരു വർഷം പിന്നിടുമ്പോഴും ചിത്രം പുതിയ നേട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്.
ബെംഗളുരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ചിത്രം സെലക്ഷനായെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ജനഗണമനയെ കൂടാതെ ആദിവാസി, പല്ലൊട്ടി 90സ് കിഡ്സ്, സൌദി വെള്ളക്ക എന്നിവയും ചലച്ചിത്രമേളയുടെ ഇന്ത്യൻ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ലീഗൽ ത്രില്ലർ ചിത്രമാണ് ജനഗണമന. ആദ്യ ദിനം മുതൽ തന്നെ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. കേരളത്തിന് പുറത്തുള്ള കേന്ദ്രങ്ങളിൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രം നെറ്റ്ഫ്ലിക്സിൽ ഒടിടി റിലീസ് ചെയ്യുകയും മറ്റ് ഭാഷകളിലെ പ്രേക്ഷകരുടെ കയ്യടി നേടുകയും ചെയ്തിരുന്നു.