തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് ആർ സുഗതൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ സെക്രട്ടേറിയറ്റിന് പകരം നിയമസഭാ മന്ദിരം പൊളിച്ച് അവിടെ ചൊറിയണം നടണമെന്ന് പറയുമായിരുന്നുവെന്ന് കെ സുധാകരൻ. സെക്രട്ടേറിയറ്റിനെക്കുറിച്ചാണ് സുഗതൻ നേരത്തെ ഇക്കാര്യം പറഞ്ഞിരുന്നതെങ്കിലും ഇപ്പോൾ രണ്ടിടത്തും ഇത് ബാധകമാണ്. അധഃപതനത്തിന്റെ കൊടുമുടിയിലെത്തിയ കേരള നിയമസഭ ജനാധിപത്യ അവകാശങ്ങളെ ചവിട്ടിമെതിക്കുകയും പ്രതിപക്ഷ അംഗങ്ങളെ തല്ലിച്ചതയ്ക്കുകയും ചെയ്യുന്ന തീവ്രവാദികളുടെ താവളമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന ചട്ടം 50 പ്രകാരമുള്ള അടിയന്തര പ്രമേയം റദ്ദാക്കിയ മുഖ്യമന്ത്രി എന്നാണ് പിണറായി വിജയൻ അറിയപ്പെടാൻ പോകുന്നതെന്നും സുധാകരൻ പറഞ്ഞു.
ജനങ്ങളുടെ പണം ഉപയോഗിച്ച് ലക്ഷങ്ങൾ മുടക്കി പ്രവർത്തിക്കുന്ന സഭാ ടിവി ഇപ്പോൾ പാർട്ടി ചാനൽ പോലെയാണ് പ്രവർത്തിക്കുന്നത്. ഭരണകക്ഷി അംഗങ്ങളുടെ മുഖം മാത്രം കാണിക്കുകയും അവരുടെ പ്രസംഗങ്ങൾ മാത്രം കേൾപ്പിക്കുകയും ചെയ്യുന്ന സഭാ ടിവി തികച്ചും പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നത്. ക്രൂര മർദ്ദനത്തിനിരയായ ഏഴ് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരവും ഭരണപക്ഷത്തെ രണ്ട് പേർക്കെതിരെ ജാമ്യം കിട്ടാവുന്ന വകുപ്പ് പ്രകാരവും കേസെടുത്ത് പിണറായിയുടെ പോലീസ് ഒരിക്കൽ കൂടി തങ്ങളുടെ ആത്മാർത്ഥത തെളിയിച്ചിരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.