കൊച്ചി: മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്കിടെയാണ് ബ്രഹ്മപുരം അഴിമതിക്ക് പിന്നിലെ ഗൂഢാലോചന നടന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വിദേശത്തു വച്ച് ബ്രഹ്മപുരം കരാർ കമ്പനിയുമായി മുഖ്യമന്ത്രി ചർച്ച നടത്തി. സംസ്ഥാനത്തെ മാലിന്യ സംസ്കരണത്തിനായി ലോകബാങ്ക് അനുവദിച്ച തുക എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്തെ എല്ലാ മുനിസിപ്പാലിറ്റികളിലും ഭരണപക്ഷവും പ്രതിപക്ഷവും സഹകരിക്കുന്നുണ്ട്. ഈ കരാർ കമ്പനിയെ എല്ലായിടത്തും അടിച്ചേൽപ്പിക്കുന്നു. കോൺഗ്രസ് നേതാക്കൾ ഈ അഴിമതിയുടെ പങ്ക് പറ്റിയവരാണ്. മാലിന്യ സംസ്കരണത്തിന് വിദേശത്ത് നിന്ന് ലഭിച്ച സഹായത്തിന്റെ വിശദാംശങ്ങൾ പുറത്തുവിടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ മാലിന്യ നിർമാർജനത്തിന് ലോകബാങ്കും മറ്റ് ഏജൻസികളും കേന്ദ്ര സർക്കാരും എത്ര പണം നൽകിയെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് ഇപ്പോൾ നിയമസഭയിൽ നടക്കുന്നത്. ഷാഡോ ബോക്സിംഗാണ് നടക്കുന്നത്. വി ഡി സതീശന് ഈ പാപക്കറയിൽ നിന്ന് ഒഴിവാകാനാവില്ല. ഇതുമായി ബന്ധപ്പെട്ട അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.