കോഴിക്കോട്: കോഴിക്കോട്ട് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരനെ പിന്തുണച്ച് ഫ്ലക്സ് ബോർഡുകൾ. ‘നിങ്ങൾക്ക് വേണ്ടെങ്കിലും കേരള ജനത ഒറ്റക്കെട്ടായി പറയുന്നു.. ഞങ്ങൾക്ക് വേണം ഈ നേതാവിനെ’ എന്ന കുറിപ്പിനൊപ്പം മുരളീധരന്റെ ചിത്രവും ഫ്ലക്സ് ബോർഡുകളിലുണ്ട്.
‘കോൺഗ്രസ് പോരാളികൾ’ എന്ന പേരിലാണ് ഫ്ളക്സ് സ്ഥാപിച്ചിരിക്കുന്നത്. പാർട്ടി നേതൃത്വത്തെ പരസ്യമായി വിമർശിച്ചതിന് കെ മുരളീധരന് കെ.പി.സി.സി താക്കീത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.
തന്റെ സേവനം വേണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കട്ടെയെന്നും വായ മൂടിക്കെട്ടുന്നവർ അതിന്റെ ഗുണദോഷങ്ങൾ അനുഭവിക്കട്ടെയെന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം. അതേസമയം, ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡിസിസി നേതൃത്വം ഇന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി ചർച്ച നടത്തും.