ആഖ്യാന ശൈലി കൊണ്ടും പ്രമേയം കൊണ്ടും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് ‘കാന്താര’. ഋഷഭ് ഷെട്ടി കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ബോളിവുഡിലും ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്ത് ഏഴ് മാസത്തിന് ശേഷം കാന്താര വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. അകാലത്തിൽ അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പ്രത്യേക പ്രദർശനം.
സ്വിറ്റ്സർലൻഡിലെ ജനീവയിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് ഋഷഭ് ഷെട്ടി ജനീവയിലെത്തിയതായും പ്രദർശനത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും വൃത്തങ്ങൾ അറിയിച്ചു. മാർച്ച് 17 ലെ സ്ക്രീനിങ്ങിന് ശേഷം ഋഷഭ് യുഎൻ നയതന്ത്രജ്ഞരുമായുള്ള അത്താഴവിരുന്നിലും പങ്കെടുക്കുമെന്ന് സൂചനയുണ്ട്.
റിഷഭ് ഷെട്ടിയുടെ ‘കാന്താര’ ഇന്ത്യയിലുടനീളം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഋഷഭ് ചിത്രത്തിൽ സംവിധായകനും നായകനുമായി നിറഞ്ഞു നിന്നപ്പോൾ അത് പ്രേക്ഷകരെ ഒന്നാകെ തിയറ്ററുകളിൽ പിടിച്ചിരുത്തി. നിരൂപക പ്രശംസയ്ക്കൊപ്പം ബോക്സോഫീസിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കാന്തരയ്ക്ക് കഴിഞ്ഞിരുന്നു.