സിനിമയുടെ കാര്യത്തിൽ മാത്രമല്ല ജീവിതത്തിലും വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്ന സംവിധായകനാണ് രാം ഗോപാൽ വർമ്മ. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തിലെ രസകരമായ ഒരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. പാസ്സായി 37 വർഷത്തിന് ശേഷം ബി.ടെക് ബിരുദം സ്വീകരിച്ചിരിക്കുകയാണ് അദ്ദേഹം.
1985ലാണ് രാം ഗോപാൽ വർമ്മ സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക് പാസ്സായത്. വർഷങ്ങൾക്ക് ശേഷം ആചാര്യ നാഗാർജുന സർവകലാശാലയിൽ നിന്ന് ബിരുദം സ്വീകരിച്ചതിന്റെ സന്തോഷം ചിത്രങ്ങൾക്കൊപ്പം അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു. പാസ്സായി 37 വർഷങ്ങൾക്ക് ശേഷം ബി.ടെക് ബിരുദം ലഭിച്ചതിന്റെ ആവേശത്തിലാണ് താൻ. സിവിൽ എഞ്ചിനീയറിംഗ് പ്രാക്ടീസ് ചെയ്യാൻ താൽപ്പര്യമില്ലാത്തതിനാൽ 1985 ൽ ബിരുദം സ്വീകരിച്ചില്ല. ആചാര്യ നാഗാർജുന സർവകലാശാലയ്ക്ക് നന്ദി എന്നും ബിരുദ സർട്ടിഫിക്കറ്റിന്റെ ചിത്രത്തിനൊപ്പം രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തു.
ഒരു കാലത്ത് ഹിന്ദി സിനിമയിൽ വലിയ തരംഗം സൃഷ്ടിച്ച സംവിധായകനായിരുന്നു രാം ഗോപാൽ വർമ്മ. തെലുങ്കിൽ കരിയർ ആരംഭിച്ച അദ്ദേഹം ബോളിവുഡിലേക്ക് ചേക്കേറുകയും രംഗീല, സത്യ, കമ്പനി, സർക്കാർ തുടങ്ങിയ വലിയ ഹിറ്റുകൾ സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ 2010ന് ശേഷം നിരവധി സിനിമകൾ പരാജയപ്പെടുകയും ബോളിവുഡിലെ സ്വാധീനം നഷ്ടപ്പെടുകയും ചെയ്തു. കോവിഡ് കാലത്ത് ചില ലോ ബജറ്റ് ചിത്രങ്ങൾ അദ്ദേഹം ഒരുക്കിയിരുന്നു. തെലുങ്ക് പൊളിറ്റിക്കൽ ത്രില്ലർ ‘കൊണ്ടാ’ ആണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം.