തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെടുകാര്യസ്ഥതയെ വിമർശിച്ചാൽ അത് സ്ത്രീവിരുദ്ധമാകുമോയെന്ന് സതീശൻ ചോദിച്ചു. ആർക്കാണ് കാപട്യം എന്ന് ജനം തീരുമാനിക്കട്ടെയെന്നും സതീശൻ പറഞ്ഞു.
ഇന്നലെയാണ് പ്രതിപക്ഷ നേതാവിനെതിരെ ആരോഗ്യമന്ത്രി ആരോപണമുന്നയിച്ചത്. സ്ത്രീകളോട് പുച്ഛത്തോടെ പെരുമാറുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവ് സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നുവെന്ന് പറയുന്നത് കാപട്യമാണെന്നായിരുന്നു വീണാ ജോർജ് പറഞ്ഞത്.
അഭൂതപൂർവമായ പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കുമാണ് കേരള നിയമസഭ ഇന്നലെ സാക്ഷ്യം വഹിച്ചത്. അടിയന്തര പ്രമേയ നോട്ടീസ് ആവർത്തിച്ച് തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചു. വാച്ച് ആൻഡ് വാർഡും പ്രതിപക്ഷവും തമ്മിൽ സംഘർഷമുണ്ടായി. ഭരണപക്ഷ എം.എൽ.എമാർ ആക്രമിച്ചതായി പ്രതിപക്ഷം പരാതിപ്പെട്ടു. എം.എൽ.എമാരായ കെ.കെ രമ, സനീഷ് കുമാർ ജോസഫ് എന്നിവർക്കും സ്ത്രീകൾ ഉൾപ്പെടെ എട്ട് വാച്ച് ആൻഡ് വാർഡുകൾക്കും പരിക്കേറ്റു.