തിരുവനന്തപുരം: നിയമസഭയിലെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പുറത്തുവിട്ടതിനെതിരെ സ്പീക്കർ എ.എൻ ഷംസീർ. സഭക്കുള്ളിൽ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യരുതെന്ന് പറഞ്ഞിട്ടും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പുറത്തുവിട്ടു. ഇത്തരമൊരു സാഹചര്യത്തിൽ, മൊബൈൽ ഫോണിലെ റെക്കോർഡിംഗ് തടയുന്നതിനുള്ള നൂതന സംവിധാനങ്ങൾ സജ്ജമാണ്. അത്തരത്തിലുള്ള കടുത്ത നടപടികൾ സ്വീകരിച്ചിട്ടില്ല. എങ്കിലും ഇന്നലത്തെ സംഭവങ്ങൾ നിർഭാഗ്യകരമാണെന്നും സ്പീക്കർ പറഞ്ഞു.
അതേസമയം, മാധ്യമങ്ങൾക്ക് പ്രവേശിക്കാൻ കഴിയാത്ത നിയമസഭയിൽ സഭാ ടിവി പ്രതിപക്ഷ പ്രതിഷേധം പൂർണ്ണമായും മറയ്ക്കുകയും, പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ മന്ത്രിമാരുടെ മുഖം മാത്രം കാണിക്കുകയും ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സ്പീക്കർക്ക് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയെടുത്തില്ല.
അങ്ങനെയെങ്കിൽ സഭയിൽ നടക്കുന്ന സംഭവങ്ങൾ പുറത്തുവരണം. അല്ലാത്തപക്ഷം ജനം അത് തെറ്റിദ്ധരിക്കും. ഏകപക്ഷീയമായി ഭരണകക്ഷിക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്നത് സഭാ ടിവിയാണ്. ഒരു കാരണവശാലും അതിനോട് യോജിക്കാൻ കഴിയില്ല. അങ്ങനെ വരുമ്പോൾ ഇവിടെ നടക്കുന്നത് ജനങ്ങളിലേക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സതീശൻ പറഞ്ഞു.