കൊച്ചി: സ്വപ്ന സുരേഷിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത പൊലീസ് കേസിനെ നിയമപരമായി നേരിടുമെന്ന് കേസിലെ പ്രതി വിജേഷ് പിള്ള. കർണാടക പൊലീസിൽ നിന്ന് ഹാജരാകാൻ നോട്ടീസ് ലഭിച്ചിട്ടില്ല. ഇത് ലഭിച്ച ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും വിജേഷ് പിള്ള പറഞ്ഞു. സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ വിജേഷ് പിള്ളയ്ക്കെതിരെ കർണാടക കെ ആർ പുര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
വിജേഷ് കൂടിക്കാഴ്ച നടത്തിയ സുറി ഹോട്ടലിൽ സ്വപ്നയുമായെത്തി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. സ്വപ്നയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. സ്വപ്നയെ കാണാൻ പോയത് തനിച്ചാണെന്ന് വിജേഷ് പറയുന്നുണ്ടെങ്കിലും ഇയാൾക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തും. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും.