കൊച്ചി: അഴിമതി ആരോപണം ഉയർന്ന ബ്രഹ്മപുരത്തെ ജൈവമാലിന്യ സംസ്കരണ ടെൻഡറിനുള്ള കരാർ കഴിഞ്ഞ വർഷം നൽകിയത് സി.പി.എം നേതാവിന്റെ കമ്പനിക്ക്. സ്റ്റാർ കൺസ്ട്രക്ഷൻസിന്റെ രണ്ട് പങ്കാളികളിൽ ഒരാൾ കളമശേരിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സക്കീർ ബാബുവാണ്. ടെൻഡറിൽ അട്ടിമറി നടന്നെന്ന പരാതിയിലും കമ്പനി വിജിലൻസ് അന്വേഷണം നേരിടുന്നുണ്ട്. കൊച്ചി കോർപ്പറേഷനിൽ ദൈനംദിന മാലിന്യ സംസ്കരണത്തിന് കരാർ ലഭിച്ച ഏറ്റവും ഒടുവിലത്തെ കമ്പനിയാണ് സ്റ്റാർ കൺസ്ട്രക്ഷൻസ്. മാർച്ച് രണ്ടിനാണ് കരാർ കാലാവധി അവസാനിച്ചത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി സക്കീർ ബാബു, വിവാദ സി.പി.എം നേതാവ് സക്കീർ ഹുസൈൻ നയിക്കുന്ന സംഘടനയുടെ വൈസ് പ്രസിഡന്റ് സേവി ജോസഫ് എന്നിവരാണ് കമ്പനിയുടെ ഉടമകൾ.
2021 ഏപ്രിൽ 21നാണ് കോർപ്പറേഷൻ ടെൻഡർ ക്ഷണിച്ചത്. സ്റ്റാർ കൺസ്ട്രക്ഷൻസിന് മാലിന്യ സംസ്കരണത്തിൽ യാതൊരു മുൻ പരിചയവുമില്ലായിരുന്നു. എന്നാൽ ടെക്നോ ഗ്രൂപ്പ് എന്ന മറ്റൊരു കമ്പനിയുമായി കരാർ ഒപ്പിട്ടതുമുതൽ മുഴുവൻ ദുരൂഹതകളാണ്. പ്രതിദിനം 250 ടൺ മാലിന്യം സംസ്കരിക്കുന്നതിൽ പരിചയം ഉണ്ടായിരിക്കണം എന്നതാണ് പ്രധാന നിബന്ധന. പ്രതിദിനം 100 ടൺ സംസ്കരണം പോലും നടക്കാത്ത ഒറ്റപ്പാലത്തെയും മലപ്പുറത്തെയും പ്രവർത്തി പരിചയം കാണിച്ച് ടെക്നിക്കൽ ബിഡ് വിജയിച്ചു എന്നതാണ് പ്രധാന ആരോപണം.
സ്റ്റാർ കൺസ്ട്രക്ഷൻസിന് സഹായം നൽകിയെന്ന ആരോപണത്തിൽ ഭരണ പ്രതിപക്ഷ ഭേദമില്ല. കൊച്ചി മുൻ മേയർ ടോണി ചമ്മണിക്കൊപ്പം സി.പി.ഐ കൗൺസിലർ സി.എ.ഷക്കീറും അഴിമതി ആരോപണം ഉയർത്തുന്നത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.