മനാമ: ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് നാല് ഏഷ്യക്കാരെ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇകണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ ആന്റി ഇകണോമിക് ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്കിൽനിന്നും സർക്കാർ സ്ഥാപനങ്ങളിൽ നിന്നുമുള്ളവരാണെന്ന് പറഞ്ഞ് ഫോൺ ചെയ്യുകയും ഒ.ടി.പിയും മറ്റ് വ്യക്തിഗത വിവരങ്ങളും മനസ്സിലാക്കിയശേഷം തട്ടിപ്പ് നടത്തുകയുമായിരുന്നു ഇവരുടെ രീതി. തട്ടിപ്പിനിരയായ നിരവധി പേരുടെ പരാതി ഡയറക്ടറേറ്റിന് ലഭിച്ചിരുന്നു. ഈ കേസിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
തട്ടിപ്പിനുപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തു. കേസ് പ്രോസിക്യൂഷന് കൈമാറാനുള്ള നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പിനിരയായാൽ ഉടൻ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് താൽക്കാലികമായി മരവിപ്പിക്കണമെന്നും ഹോട്ട്ലൈൻ നമ്പറായ 992 വഴി ആന്റി ഇകണോമിക് ഡയറക്ടറേറ്റിൽ റിപ്പോർട്ട് ചെയ്യുകയും വേണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇകണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി അറിയിച്ചു.