തമിഴിൽ നിരൂപക പ്രശംസയും പ്രേക്ഷക സ്വീകാര്യതയും നേടിയ ചിത്രമായ ‘കൈതി’ ഹിന്ദിയിലേക്ക് എത്തുന്നു എന്ന വാർത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. ലോകേഷ് കനകരാജിന്റെ ഹിറ്റ് ചിത്രം ‘കൈതി’ ഹിന്ദിയിൽ റിലീസ് ചെയ്യുമ്പോൾ അജയ് ദേവ്ഗണാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അജയ് ദേവ്ഗൺ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. കൈതിയുടെ ഹിന്ദി രൂപമായ ‘ഭോലാ’യുടെ ട്രെയിലർ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.
അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായ ‘ഭോല’ വൻ ഹിറ്റാകുമെന്ന പ്രതീക്ഷയാണ് ട്രെയിലർ നൽകുന്നത്. ‘യു മേ ഓർ ഹം’, ‘ശിവായ്’, ‘റൺവേ 34’ എന്നിവയാണ് അജയ് ദേവ്ഗൺ സംവിധാനം ചെയ്ത മറ്റ് മൂന്ന് ചിത്രങ്ങൾ. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. അമല പോളിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. ചിത്രത്തിൽ തബുവും ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ടി സീരീസ്, റിലയൻസ് എന്റർടൈൻമെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം 2023 ഓഗസ്റ്റ് 30 ന് റിലീസ് ചെയ്യും. 3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രവും വൻ വിജയമാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.