ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച ആരോഗ്യം, വികസനം, കാലാവസ്ഥ എന്നിവയിൽ ഇന്ത്യ കൈവരിക്കുന്ന പുരോഗതിയെക്കുറിച്ച് കൂടുതൽ ശുഭാപ്തി വിശ്വാസം നൽകിയതായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് പറഞ്ഞു. ഡൽഹിയിൽ മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം തന്റെ ബ്ലോഗിൽ ഇക്കാര്യം കുറിച്ചത്.
“ബിൽ ഗേറ്റ്സിനെ കാണാനും പ്രധാന വിഷയങ്ങളിൽ ചർച്ചകൾ നടത്താനും കഴിഞ്ഞതിൽ സന്തോഷമുണ്ട്. മെച്ചപ്പെട്ടതും സുസ്ഥിരവുമായ ഒരു ലോകം സൃഷ്ടിക്കുന്നതിനുള്ള വിനയവും അഭിനിവേശവും അദ്ദേഹത്തിൽ കാണാൻ കഴിഞ്ഞു,” പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്ലോഗിന് മറുപടിയായി ട്വീറ്റ് ചെയ്തു.
“ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം, മറ്റ് നിർണായക മേഖലകൾ എന്നിവയിൽ ഇന്ത്യയിൽ നടക്കുന്ന നൂതന പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ ഈ ആഴ്ച ഇന്ത്യയിലെത്തിയിരുന്നു. ലോകം നിരവധി വെല്ലുവിളികൾ നേരിടുന്ന ഈ സമയത്ത്, ഇന്ത്യയെപ്പോലെ ചലനാത്മകവും സർഗ്ഗാത്മകവുമായ ഒരു സ്ഥലം സന്ദർശിക്കുന്നത് പ്രചോദനാത്മകമാണ്. സുരക്ഷിതവും ഫലപ്രദവുമായ ധാരാളം വാക്സിനുകൾ നിർമ്മിക്കാനുള്ള അതിശയകരമായ കഴിവ് ഇന്ത്യയ്ക്കുണ്ട്. അവയിൽ ചിലത് ഗേറ്റ്സ് ഫൗണ്ടേഷന്റെ പിന്തുണയുള്ളവയാണ്. ഇന്ത്യയിൽ നിർമ്മിച്ച വാക്സിനുകൾ പകർച്ചവ്യാധി സമയത്ത് ദശലക്ഷക്കണക്കിന് ജീവനുകൾ രക്ഷിച്ചു, “ഗേറ്റ്സ് കുറിച്ചു.