പത്തനംതിട്ട: വെട്ടൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ എറണാകുളം കാലടിയിൽ നിന്ന് കണ്ടെത്തി. വെട്ടൂർ ആയിരവില്ലൻ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അജേഷ് കുമാറിനെയാണ് (ബാബുക്കുട്ടൻ -40) തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം എറണാകുളം കാലടി പൊലീസ് സ്റ്റേഷന് സമീപം അജേഷിനെ ഇറക്കിവിടുകയായിരുന്നു. അജേഷിനെ കാലടി പൊലീസ് കസ്റ്റഡിയിലെടുത്ത് പത്തനംതിട്ട ഡിവൈ.എസ്.പി ഓഫീസിൽ എത്തിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അജേഷിനെ കാറിലെത്തിയ അഞ്ചംഗ സംഘം കാറിനടുത്തേക്ക് കൂട്ടികൊണ്ട് പോയ ശേഷം, കാറിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അജേഷിന്റെ അമ്മ കാറിന്റെ വാതിൽ പിടിച്ചപ്പോൾ ഇവരെയും ഉള്ളിലേക്ക് വലിച്ചിട്ടു. കുറച്ചു മുന്നോട്ട് പോയ ശേഷം ഇറക്കിവിട്ടു. അജേഷിന്റെ അച്ഛൻ ഓടിയെത്തിയെങ്കിലും വാഹനം നിർത്താൻ കഴിഞ്ഞില്ല. ഓടിയെത്തിയ അയൽവാസികൾ കാറിന്റെ പിൻ വശത്തെ ഗ്ലാസ് കല്ലെറിഞ്ഞ് തകർത്തെങ്കിലും വണ്ടി നിർത്തിയില്ല.
വൈകുന്നേരം അജേഷ് വീട്ടിലേക്ക് വിളിച്ച് കുഴപ്പമില്ലെന്ന് പറഞ്ഞെങ്കിലും തിരികെ വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് കാറിന്റെ രജിസ്ട്രേഷൻ നമ്പർ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കെഎൽ 11 ബിടി 7657 എന്ന നമ്പറുള്ള കാറിലാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. കോഴിക്കോട് രജിസ്റ്റർ ചെയ്ത കാറിന്റെ ഉടമ വി.കെ മുഹമ്മദ് ആഷിബാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘമാണെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു. അജേഷിന്റെ ഫോണിലുണ്ടെന്ന് കരുതുന്ന വീഡിയോ ഫൂട്ടേജിനെച്ചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് കരുതുന്നത്.