കൊച്ചി: സംസ്ഥാന യുവജനക്ഷേമ കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിനാണ് സംരക്ഷണം നൽകേണ്ടത്. ജീവന് ഭീഷണി നിലനിൽക്കുന്നതിനാലാണ് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയത്. കൊല്ലം ജില്ലാ പൊലീസ് മേധാവി, കൊട്ടിയം എസ്.എച്ച്.ഒ, കൊല്ലം വെസ്റ്റ് പൊലീസ് എന്നിവർക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. ചിന്ത ജെറോമിൽ നിന്നും ഇവർ താമസിച്ചിരുന്ന റിസോർട്ടിന്റെ ഉടമയിൽ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ചാണ് വിഷ്ണു സുനിൽ പന്തളം ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ദിവസം കൊല്ലം ചിന്നക്കടയിൽ മന്ത്രി പി രാജീവിനെതിരെ കരിങ്കൊടിയുമായി പ്രതിഷേധിക്കാനെത്തിയ വിഷ്ണു സുനിലിനെയും സഹപ്രവർത്തകരെയും ഡി വൈ എഫ് ഐ പ്രവർത്തകർ മർദ്ദിച്ചിരുന്നു.
ചിന്ത ജെറോമിനെതിരെ വിജിലൻസിൽ പരാതി നൽകിയതിനെ തുടർന്ന് ജീവന് ഭീഷണിയുള്ളതിനാൽ വിഷ്ണു സുനിൽ പൊലീസ് സംരക്ഷണം തേടിയിരുന്നു. പരാതി നൽകിയ ശേഷം ചിന്തയുടെയും റിസോർട്ട് ഉടമയുടെയും നിർദ്ദേശപ്രകാരമാണ് പാർട്ടി നേതാക്കൾ തന്നെ മർദ്ദിച്ചതെന്നും വിഷ്ണു കോടതിയെ അറിയിച്ചിരുന്നു. ആഢംബര റിസോർട്ടിൽ താമസിക്കാൻ ചിന്ത ജെറോം 38 ലക്ഷത്തോളം രൂപ ചെലവഴിച്ചെന്നും വരുമാന സ്രോതസ് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു വിഷ്ണു സുനിൽ വിജിലൻസിന് പരാതി നൽകിയത്.