സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കർണാടക ബുൾഡോസേഴ്സിനെതിരെ ടോസ് നേടി കേരള സ്ട്രൈക്കേഴ്സ്. ടോസ് നേടിയ കുഞ്ചാക്കോ ബോബൻ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. മികച്ച പോരാട്ടം പുറത്തെടുക്കാൻ ശ്രമിക്കുമെന്ന് കേരള സ്ട്രൈക്കേഴ്സ് ക്യാപ്റ്റനും ബ്രാൻഡ് അംബാസഡറുമായ കുഞ്ചാക്കോ ബോബൻ പറഞ്ഞു. എന്നാൽ 4 ഇന്നിങ്സ് മത്സരത്തിൽ ടോസ് നിർണായകമല്ലെന്ന് കർണാടക ബുൾഡോസേഴ്സ് ക്യാപ്റ്റൻ പ്രദീപ് പറഞ്ഞു.
തെലുങ്ക് വാരിയേഴ്സിനെതിരായ ആദ്യ മത്സരത്തിൽ കുഞ്ചാക്കോ ബോബന് പകരം ഉണ്ണി മുകുന്ദനായിരുന്നു ടീമിന്റെ ക്യാപ്റ്റൻ. ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ശേഷം കഴിഞ്ഞയാഴ്ച നടന്ന ആദ്യ മത്സരത്തിൽ കേരള സ്ട്രൈക്കേഴ്സ് വിയർത്തിരുന്നു. കേരള സ്ട്രൈക്കേഴ്സിനെ 64 റൺസിനാണ് തെലുങ്ക് വാരിയേഴ്സ് തോൽപ്പിച്ചത്. രണ്ട് ഇന്നിങ്സിലും അർധസെഞ്ചുറി നേടിയ അഖിൽ അക്കിനേനിയാണ് തെലുങ്ക് വാരിയേഴ്സിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.
തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ ഒന്നാം ഇന്നിംസ്‍സില്‍ വഴങ്ങിയ ലീഡ് അടക്കം 169 റണ്‍സ് തെലുങ്ക് വാരിയേഴ്സിനെതിരെ വിജയിക്കാന്‍ വേണമായിരുന്നു കേരള സ്ട്രൈക്കേഴ്സിന്. കേരള സ്ട്രൈക്കേഴ്സിന് 10 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 105 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. 23 പന്തിൽ 38 റൺസെടുത്ത രാജീവ് പിള്ളയാണ് കേരളത്തിന്റെ ടോപ് സ്കോറർ.