ബംഗളൂരു: ബംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. ശ്വാസകോശത്തിലെ അണുബാധ മാറിയതായി ബെംഗളൂരുവിലെ എച്ച്സിജി ആശുപത്രി അറിയിച്ചു. അദ്ദേഹത്തിന്റെ ഇമ്മ്യൂണോതെറാപ്പി ചികിത്സയുടെ ആദ്യ ഘട്ടം പൂർത്തിയായി.
രണ്ടാം ഘട്ട ഇമ്മ്യൂണോതെറാപ്പി മാർച്ച് ആദ്യവാരം ആരംഭിക്കും. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്ത് തുടർചികിത്സ നടപടികൾ സ്വീകരിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഉമ്മൻചാണ്ടി സ്വന്തമായി ദൈനംദിന പ്രവൃത്തികൾ ചെയ്തു തുടങ്ങിയതായും ആശുപത്രി അധികൃതർ അറിയിച്ചു. ഉമ്മൻചാണ്ടിയുടെ ഭാര്യയും മക്കളുമടക്കമുള്ള കുടുംബാംഗങ്ങൾ ബെംഗളൂരുവിലുണ്ട്.